വിജ്ഞാന്‍ സാഗര്‍

Vigyan Sagar

ജില്ലയിലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലാക്കിയതിനു ശേഷം വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.  1000 ത്തോളം സ്കൂളുകളും 16 ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലും 3 മെഡിക്കല്‍ കോളേജുകളിലും 9 എഞ്ചിനീയറിംഗ് കോളേജുകളിലും കൂടി 6 ലക്ഷത്തോളം കുട്ടികളും ഇരുപതിനായിരത്തോളം അധ്യാപകരും തൃശ്ശൂര്‍ ജില്ലയിലുണ്ട്.  സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ ശാസ്ത്രീയവും അക്കാദമികവുമായ മികവുകള്‍, അധ്യാപകരുടെ അക്കാദമിക നിലവാരത്തില്‍ ശാസ്ത്രീയമായ പുരോഗതി എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.  കുട്ടികള്‍ക്ക് വേണ്ടി സയന്‍സ്, ഹിസ്റ്ററി, ജോഗ്രഫി തുടങ്ങിയ വിഷയങ്ങളില്‍ ആധുനിക ലാബുകള്‍ മ്യൂസിയം എന്നിവ തുടങ്ങുന്നതിനും സൗരയൂഥത്തേയും നക്ഷത്രങ്ങളേയുംകുറിച്ച് പഠിക്കുന്നതിന് പ്ലാനറ്റോറിയവും സ്ഥാപിക്കുന്നതിനും മറ്റും പദ്ധതി ലക്ഷ്യമിടുന്നു.

25 ലക്ഷം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരു ലക്ഷം അദ്ധ്യാപകര്‍ക്കും ഗുണകരമായ രീതിയില്‍ അന്തര്‍ദ്ദേശീയതലം വരെ ശാസ്ത്രീയ വിഷയങ്ങളില്‍ പ്രാഗല്‍ഭ്യം ഉള്ളവരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്.  ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരത്തില്‍ ഒരു പദ്ധതി ഏറ്റെടുക്കുന്നത് രാജ്യത്തുതന്നെ ആദ്യമായിട്ടാണ്.

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് 20 കോടി രൂപ ചിലവില്‍ നടപ്പാക്കുന്നതാണ് വിജ്ഞാന്‍ സാഗര്‍ പദ്ധതി.  രാമവര്‍മ്മപുരത്തുള്ള വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ഡയറ്റില്‍ നിന്നും സര്‍ക്കാര്‍ ലഭ്യമാക്കി തന്ന 9.074 ഏക്കര്‍ സ്ഥലത്താണ് സയന്‍സ് ആന്‍റ് ടെക്നോളജി മ്യൂസിയവും പ്ലാനറ്റോറിയം നിര്‍മ്മിക്കുന്നത്.

അതിബ്രഹത്തായ ഈ പദ്ധതിയില്‍ പ്രധാനമായും സയന്‍സ് & ടെക്നോളജി മ്യൂസിയവും, പ്ലാനറ്റോറിയവുമാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നത്.  അതോടനുബന്ധിച്ച് ആധുനിക ലൈബ്രറി, കോണ്‍ഫറന്‍സ് റൂം, മാക്സ് തിയ്യറ്റേര്‍, എഫ്.എം. സ്റ്റേഷന്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, മിനി തിയ്യറ്റര്‍, കള്‍ച്ചറല്‍ ഗ്യാലറി, പ്രസ് ഗ്യാലറി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, മെഡിക്കല്‍ പ്ലാന്‍ ഗാര്‍ഡന്‍, തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.   തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നത്.

2010-11 വര്‍ഷത്തില്‍ വിജ്ഞാന്‍ സാഗര്‍ പദ്ധതിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നടത്തി. പദ്ധതിയുടെ പ്രചാരണത്തിനായി, ജില്ലയിലെ എല്ലാ സ്കൂളുകളിലും വിവരങ്ങള്‍ എത്തിക്കുന്നതിന് 15,00,000/- രൂപ ചെലവില്‍ ഒരു മൊബൈല്‍ ഒബ്സര്‍വേറ്ററി 2010-11 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കുന്നുണ്ട്.  പദ്ധതിയുടെ സമയ ബന്ധിതമായ പൂര്‍ത്തീകരണത്തിന് മറ്റു വിഭവ സ്രോതസ്സുകള്‍ കൂട്ടി കണ്ടെത്തി വിനിയോഗിക്കാനുള്ള ശ്രമങ്ങളും നടത്തിവരുന്നു.

Related Articles