കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന തൃശ്ശൂര്‍ ജില്ല സംസ്ഥാനത്തിന്റെ ചരിത്രത്തിലും സംസ്ക്കാരത്തിലും, സാമൂഹ്യ നവോത്ഥാനത്തിലും രാഷ്ട്രീയ മുന്നേറ്റത്തിലും വാണിജ്യ-വ്യാപാര-വ്യവസായ മണ്ഡലങ്ങളിലും വിദ്യാഭ്യാസ-വൈജ്ഞാനിക രംഗങ്ങളിലും, കലാ-കായിക മേഖലകളിലും സവിശേഷവും ശ്രദ്ധേയവുമായ സ്ഥാനം വഹിക്കുന്നു. സാഹിത്യ സാംസ്ക്കാരിക പ്രവര്‍ത്തനവും, സാമൂഹിക രാഷ്ട്രീയമാറ്റങ്ങള്‍ക്കുവേണ്ടിയുള്ള പരിശ്രമങ്ങളും പോരാട്ടങ്ങളും ഏറെ നടന്നിട്ടുള്ള പാരമ്പര്യമാണ് തൃശ്ശൂരിനുള്ളത്. ആധുനികകേരളത്തിന്റെ സൃഷ്ടിക്കായുള്ള പോരാട്ടങ്ങളില്‍ ഗണനീയമായ പങ്ക് തൃശ്ശൂര്‍ വഹിച്ചിട്ടുണ്ട്. ഐക്യകേരളത്തിലെ ആദ്യ ജനകീയമന്ത്രിസഭയില്‍ തൃശ്ശൂരിന്റെ സാന്നിധ്യം തെളിഞ്ഞു നിന്നിരുന്നു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ 11 അംഗങ്ങളില്‍ 4 പേരും തൃശ്ശൂരിന്റെ അഭിമാനഭാജനങ്ങളായിരുന്നു. കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും പ്രമുഖ കാര്‍ഷിക കേന്ദ്രവുമായ തൃശ്ശൂര്‍ ജില്ല, മലകളും, മലയോരവും, സമതലവും, കടലോരവും ചാരുത ചാര്‍ത്തിയ ഭൂപ്രദേശം കൂടിയാണ്. കേരളത്തിലെ പ്രധാന നെല്ലുല്‍പാദന ജില്ലകളിലൊന്നായ തൃശ്ശൂരിലെ കോള്‍ നിലങ്ങളിലും സമതലങ്ങളിലെ പാടശേഖരങ്ങളിലും ഇന്നും നെല്‍കൃഷിയുണ്ടെങ്കിലും അത് നാനാവിധ കാരണങ്ങളാല്‍ ഇന്ന് കുറഞ്ഞുവരികയാണ്. തെങ്ങ്, കവുങ്ങ്, പച്ചക്കറി എന്നീ കൃഷികളും ജില്ലയുടെ കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ നല്ല പങ്കുവഹിക്കുന്നുണ്ട്. തരിശുഭൂമി ഏറ്റവും കൂടുതലുള്ള ജില്ലകളില്‍ ഒന്നാണ് തൃശ്ശൂര്‍. തൃശ്ശൂരിന്റെ സാംസ്കാരിക ചരിത്രമാഹാത്മ്യം രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് നീളുന്നതാണ്. പുരാതനലോകത്തെ ഏറ്റവും പ്രശസ്തമായ ദേശാന്തര തുറമുഖവും, ഭാരതത്തിലേക്കുള്ള കവാടവുമായിരുന്നു മുസ്സിരിസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂര്‍. അക്കാലത്ത് പുരാതന ചൈനയുടെയും അറേബ്യയുടെയും ഈജിപ്റ്റിന്റേയും മറ്റും കപ്പലുകള്‍ കൊടുങ്ങല്ലൂരിന്റെ തീരങ്ങളില്‍ വന്നടുത്തിരുന്നു. വാണിജ്യ ഉല്‍പ്പന്നങ്ങളുടെ ക്രയവിക്രയം മാത്രമല്ല ഇവിടെ നടന്നിട്ടുള്ളത്. വ്യത്യസ്ത ആശയങ്ങളുടെയും ആത്മീയചിന്തകളുടെയും സംസ്കാരത്തിന്റേയും പ്രവാഹം ആദ്യമായി ഭാരതത്തിന്റെ മണ്ണിലേക്ക് ഒഴുകിയെത്തിയതും തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ എന്ന സമുദ്രകവാടത്തിലൂടെയാണ്. എ.ഡി.52-ല്‍ ക്രിസ്തുശിഷ്യനായ വിശുദ്ധതോമാശ്ളീഹാ കൊടുങ്ങല്ലൂരിന്റെ മണ്ണില്‍ കാലുകുത്തുമ്പോള്‍ ക്രിസ്തുമതം യൂറോപ്പില്‍ പോലും എത്തിയിട്ടുണ്ടായിരുന്നില്ല. അതിനും മുമ്പു തന്നെ ഹൈന്ദവവേദധാരയും, ബുദ്ധമതവും ഈ മണ്ണില്‍ വേരുറപ്പിച്ചിരുന്നു. ഇസ്ളാംമതവും ജൂതമതവും ഭാരതത്തിലേക്ക് കാലെടുത്തു വച്ചതും കൊടുങ്ങല്ലൂരിലൂടെ തന്നെ. ഇന്ത്യയിലെ ആദ്യത്തെ മുസ്ളീം ദേവാലയവും ക്രിസ്തീയദേവാലയവും സ്ഥാപിക്കപ്പെട്ടതും ഈ മണ്ണില്‍ തന്നെ. 14-ാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ കൊടുങ്ങല്ലൂരിന്റെ പ്രൌഢിയും പ്രശസ്തിയും തന്ത്രപ്രാധാന്യവും നിലനിന്നിരുന്നു. 1340-കളിലുണ്ടായ മഹാപ്രളയത്തിലാണ് കൊടുങ്ങല്ലൂരിലെ തുറമുഖം വെള്ളത്തിലാണ്ട് നശിച്ചുപോകുകയും കൊച്ചിയില്‍ മറ്റൊരു പ്രകൃതിദത്ത തുറമുഖം രൂപപ്പെടുകയും ചെയ്തത്. വ്യത്യസ്ത സംസ്കാരങ്ങളെ സ്വീകരിക്കുന്നതിലും ആത്മീയധാരകള്‍ക്ക് താവളമൊരുക്കുന്നതിലും പ്രാചീനഭാരതത്തിന്റെ സാംസ്കാരിക കവാടമായിരുന്ന തൃശ്ശൂര്‍ സഹിഷ്ണുത പ്രകടിപ്പിച്ചിട്ടുണ്ട്. സമ്പുഷ്ടമായ ഭൂതകാലവും, വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും ഒരുപോലെ അനുഗ്രഹിച്ച മണ്ണാണ് തൃശ്ശൂര്‍. പൂരവും, പുലിക്കളിയും, ആനപ്രേമവുമെല്ലാം തൃശ്ശൂരിന്റെ സാംസ്കാരിക ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ്. തൃശ്ശൂരിന്റെ പുരാതനചരിത്രം പെരുമ്പടപ്പ് സ്വരൂപവുമായും കൊച്ചിരാജവംശവുമായും ബന്ധപ്പെട്ടിരിക്കുന്നു. വടക്കുന്നാഥക്ഷേത്രം സ്ഥാപിക്കുകയും തൃശ്ശൂര്‍പൂരം ആരംഭിക്കുകയും ചെയതത് കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാനാണ്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി ഭരണം നടത്തിയ പെരുമാക്കന്മാരുടെ കീഴിലും ഈ പ്രദേശം ഇരുന്നിട്ടുണ്ട്. കേരളത്തിലെ 64 ഭദ്രകാളിക്ഷേത്രങ്ങളുടെ മൂലക്ഷേത്രമാണ് കൊടുങ്ങല്ലൂര്‍ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീഭദ്രകാളീക്ഷേത്രം. ഭദ്രകാളിയുടെ ആറടിയോളം ഉയരമുള്ള ദാരുവിഗ്രഹമാണ് ഇവിടുത്തെ പ്രധാനമൂര്‍ത്തി. ഭാരതത്തിലെ ഒരേയൊരു ഭരതക്ഷേത്രം തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കൂടല്‍മാണിക്യക്ഷേത്രമാണ്. പുരാതനകാലത്ത് ഇതൊരു ജൈനക്ഷേത്രമായിരുന്നുവെന്നും പറയപ്പെടുന്നു. വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍പൂരത്തിന്റെ തട്ടകമായ വടക്കുന്നാഥ ക്ഷേത്രം ദക്ഷിണ കൈലാസമെന്നാണ് അറിയപ്പെടുന്നത്. തൃശൂര്‍പൂരത്തിന്റെ സംഗമവേദി വടക്കുന്നാഥന്റെ തിരുനടയിലാണ്. തൃശൂര്‍ നഗരഹൃദയത്തില്‍ 64 ഏക്കര്‍ പരന്നു കിടക്കുന്ന തേക്കിന്‍ കാട് മൈതാനവും അതിനു മധ്യേ ഉയര്‍ന്നു നില്‍ക്കുന്ന 4 ക്ഷേത്ര ഗോപുരങ്ങളും 16 ഏക്കര്‍ വരുന്ന ക്ഷേത്രസങ്കേതവും അതിനെ ചുറ്റിനില്‍ക്കുന്ന കൂറ്റന്‍ ആനപള്ള മതില്‍ക്കെട്ടും വടക്കുന്നാഥക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. അപ്പാട്ട് കുറുപ്പാളുടെ കുടപ്പുറത്തു കയറി വന്ന തിരുമാന്ധാംകുന്നിലയമ്മയാണ് പാറമേക്കാവിലെ പ്രതിഷ്ഠ എന്നാണ് വിശ്വാസം. തൃശൂര്‍ പൂരത്തിന്റെ പ്രധാന പങ്കാളിയാണ് പാറമേക്കാവില്‍ ഭഗവതി. തൃശൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ വടക്കാഞ്ചേരിയിലാണ് ഉത്രാളിക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന മൂര്‍ത്തി രുധിരമഹാകാളിയാണ് കുംഭത്തിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഇവിടുത്തെ വേലമഹോത്സവം. വടക്കാഞ്ചേരി, കുമാരനെല്ലൂര്‍, എങ്കക്കാട് ദേശക്കാര്‍ മത്സരത്തോടെ നടത്തുന്ന ഉത്രാളിക്കാവ് പൂരം പ്രസിദ്ധമാണ്. തിരുവില്വാമലയിലെ മഹാക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തികള്‍ ലഷ്മണനും ശ്രീരാമനുമാണ്. ഒരേ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ലക്ഷ്മണനും പടിഞ്ഞാറു ഭാഗത്തേക്ക് ദര്‍ശനമായി ശ്രീരാമനും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വില്വാദ്രിനാഥന്‍ എന്നറിയപ്പെടുന്ന ലക്ഷ്മണനാണ് ഇവിടെ പ്രാധാന്യം. കുന്ദംകുളം-കുറ്റിപ്പുറം റൂട്ടിലാണ് കടവല്ലൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന മൂര്‍ത്തി ശ്രീരാമന്റെ ആറടി ഉയരമുള്ള ചതൂര്‍ബാഹു വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. അഞ്ചു പൂജയുള്ള മഹാക്ഷേത്രമാണിത്. കൊച്ചി രാജവംശത്തിന്റെ പരദേവതയും ഉപാസന മൂര്‍ത്തിയുമാണ് പഴയന്നൂര്‍ ഭഗവതി. ഒല്ലൂരില്‍ നിന്നും 5 കിലോമീറ്റര്‍ കിഴക്ക് തൃക്കൂരില്‍ സ്ഥിതി ചെയ്യുന്ന പുരാതന ഗുഹാക്ഷേത്രം പ്രധാനപ്പെട്ട 108 ശിവ ക്ഷേത്രങ്ങളില്‍ ഒന്നാണ്. പാറ തുരന്ന് നിര്‍മ്മിച്ച ശ്രീകോവില്‍ ഇവിടുത്തെ പ്രത്യേകതയാണ്. ശൈവരുടെ 274 തിരുപ്പതികളില്‍ കേരളത്തിലെ ഏകശൈവതിരുപ്പതി സ്ഥിതി ചെയ്യുന്നതും തൃശ്ശൂരാണ്. കേരളത്തില്‍ ഏറ്റവുമധികം ഉപദേവതകളുള്ള ക്ഷേത്രമാണിത്. പ്രധാന മൂര്‍ത്തി ഇവിടെ ശിവനാണ്. ഉത്തമഭാവമായ സദാശിവഭാവത്തിലാണ് ശിവപ്രതിഷ്ഠ. തൃപ്രയാര്‍ പുഴയോരത്തെ ശ്രീരാമക്ഷേത്രമാണ് മറ്റൊരു പ്രധാന ക്ഷേത്രം. രാവണസംഹാരാനന്തരം പ്രപഞ്ചസംരക്ഷണത്തിന് കാത്തിരിക്കുന്ന ശ്രീരാമപ്രതിഷ്ഠ എന്ന് സങ്കല്പം. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പൂച്ചുന്നിപ്പാടത്തുനിന്ന് 5 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ശാസ്താക്ഷേത്രം പുരാതനകാലം മുതല്‍ തന്നെ കേരളത്തിലെ ഏറ്റവും പ്രമുഖ ശാസ്താക്ഷേത്രങ്ങളിലൊന്നാണ്. മീനമാസത്തിലെ ആറാട്ടുപുഴപൂരം പുരാണപ്രസിദ്ധമാണ്. 108 ദേവീദേവന്മാര്‍ ഇവിടെ പൂരത്തിനെത്തിയിരുന്നു എന്നാണ് പഴമ. ഭാരതത്തില്‍ ആദ്യമായി സ്ഥാപിതമായ മുസ്ളീം ആരാധനാലയമാണ് തൃശ്ശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരില്‍ സ്ഥിതി ചെയ്യുന്ന ചേരമാന്‍ ജുമാമസ്ജിദ്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഇസ്ളാം മതത്തില്‍ ആകൃഷ്ടനായി മക്കയില്‍ പോയി പ്രവാചകനെ കാണുകയും ഇസ്ളാംമതം സ്വീകരിക്കുകയും ചെയ്തു. മാലിക് ബിന്‍ ദിനറാണ് ഇവിടുത്തെ പ്രഥമ ഖാസി. കേരളത്തിന്റെ മതേതരമൂല്യങ്ങളുടെ ഉത്തമ മാതൃകയാണ് ചേരമാന്‍ ജുമാമസ്ജിദ്. തൃശ്ശൂര്‍ വ്യാകുലമാതാവിന്റെ ബസലിക്ക കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്ന ക്രിസ്തീയദേവാലയമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമാണിതെന്ന് പറയപ്പെടുന്നു. നൂറു വര്‍ഷം പഴക്കമുള്ളതാണ് പള്ളി. തൃശൂര്‍ നഗരമധ്യത്തില്‍ ഗോഥിക്ക് വാസ്തുശില്പ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിന് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. 300 അടി ഉയരമുള്ള ബൈബിള്‍ ടവര്‍ ബസലിക്കയുടെ പ്രത്യേകതയാണ്. കല്‍ദായ സുറിയാനി സഭയുടെ ആസ്ഥാന ദേവാലയമാണ് തൃശൂര്‍ മാര്‍ത്ത മറിയം വലിയപള്ളി. തൃശൂര്‍ നഗരമധ്യത്തില്‍ തന്നെയാണ് വലിയ പള്ളിയുടേയും സ്ഥാനം. വലിയപള്ളിയിലുള്ള പുരാതനമായ സ്ഫടിക വിളക്കുകളും, കല്ലിലും മരത്തിലും രൂപപ്പെടുത്തിയിരിക്കുന്ന കൊത്തുപണികളും അവയുടെ തനിമ നഷ്ടപ്പെടാതെ ഇന്നും ഇവിടെ സംരക്ഷിക്കപ്പെടുന്നു. ദേവാലയ വാസ്തു ശില്പ കലയുടെ ഉത്തമ ഉദാഹരണമാണ് ഇവിടം. തൃശ്ശൂര്‍ അതിരൂപതാ മെത്രാപ്പൊലിത്തയുടെ ആസ്ഥാനമാണ് തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍. പ്രധാന ദേവാലയങ്ങളും അതിനുള്ളിലെ ഭൂഗര്‍ഭ ദേവാലയവും ഇവിടുത്തെ പ്രത്യേകതകളാണ്. കേരളത്തിലെ പഴക്കമേറിയ ക്രിസ്ത്യന്‍ പള്ളികളിലൊന്നാണ് ഒല്ലൂര്‍ ഫെറോന പള്ളി. ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ അതിജീവിച്ച അപൂര്‍വ്വം പള്ളികളിലൊന്നുമാണിത്. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ ദേവാലയം സ്ഥാപിതമായിരിക്കുന്നതും തൃശ്ശൂര്‍ ജില്ലയില്‍ തന്നയാണ്. സെന്റ് തോമസ് പള്ളിയെന്നറിയപ്പെടുന്ന ഈ ദേവാലയം എ.ഡി 52-ല്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ വിശുദ്ധ തോമാസ് ശ്ളീഹ സ്ഥാപിച്ചതാണ് പ്രസ്തുത പള്ളി. എ.ഡി 52-ല്‍ സെന്റ് തോമസ് സ്ഥാപിച്ച ഏഴര പള്ളികളിലൊന്ന് ചാലക്കുടിക്കടുത്ത് പാലയൂരിലാണ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ വലിയ പള്ളികളിലൊന്നാണ് പാവറട്ടി ക്രിസ്ത്യന്‍ ദേവാലയം. ഈ ദേവാലയത്തിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. ബുധനാഴ്ചയിലെ നോവേന പാവറട്ടി പള്ളിയിലെ പ്രത്യേകതയാണ്. ദൂരദേശങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ ബുധനാഴ്ചയിലെ പ്രത്യേക പ്രാര്‍ത്ഥനക്കായി ഇവിടെ എത്തുന്നു. 1937 ജൂലൈ 21-ന് റവ.ഫാദര്‍ ജി.എഫ്.ചൂണ്ടലാണ് വിശുദ്ധ ജോസഫിന്റെ അനുഗ്രഹത്തിനായുള്ള ഈ പ്രത്യേക കര്‍മ്മത്തിന് തുടക്കമിട്ടത്. ഏപ്രില്‍, മെയ് മാസങ്ങളിലായി വിശുദ്ധ ജോസഫിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. ഇവിടുത്തെ വെടിക്കെട്ട് പ്രസിദ്ധമാണ്. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ്, ശ്രീരാമ പോളി ടെക്നിക്, തൃശൂര്‍ മെഡിക്കല്‍ കോളേജ് എന്നിവ ജില്ലയിലെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. 1918-ല്‍ വെര്‍ണ്ണാക്കുലര്‍ സ്കൂള്‍ എന്നപേരില്‍ 33 സ്കൂളുകള്‍ ഇവിടെ ആരംഭിച്ചു. ഹൈസ്കൂളുകളും, യു.പി സ്കൂളുകളും, എല്‍.പി സ്കൂളുകളുമുള്‍പ്പെടെ നിരവധി വിദ്യാലയങ്ങള്‍ ഈ ജില്ലയിലുണ്ട്. തൃശൂര്‍ റവന്യൂജില്ലയില്‍ 3 വിദ്യാഭ്യാസജില്ലകളും 12 ഉപവിദ്യാഭ്യാസജില്ലകളുമുണ്ട്. 14-ാം നൂറ്റാണ്ടുമുതല്‍ കൊടുങ്ങല്ലൂര്‍ കോവിലകം ഒരു പ്രമുഖ സാംസ്ക്കാരിക കേന്ദ്രമായി വളര്‍ന്നിരുന്നു. കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍, വിദ്വാന്‍ ഗോദവര്‍മ്മ ഇളയതമ്പുരാന്‍, കുംഭകോണം കൃഷ്ണശാസ്ത്രികള്‍, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എന്നിവര്‍ ഈ പ്രദേശത്ത് ജീവിച്ചിരുന്ന പ്രമുഖ സാംസ്ക്കാരിക സാഹിത്യനായകന്മാരാണ്. വെണ്‍മ്മണി പ്രസ്ഥാനം ഉടലെടുത്തത് കൊടുങ്ങല്ലൂര്‍ കോവിലകത്തായിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പ്രസാധനം ചെയ്ത പ്രസിദ്ധീകരണമായിരുന്നു രസരഞ്ജിനി. എം.പി പോള്‍, ജോസഫ് മുണ്ടശ്ശേരി, ഒളപ്പമണ്ണ, അക്കിത്തം, കുഞ്ഞുണ്ണിമാഷ്, തുടങ്ങിയ മഹാരഥന്മാര്‍ ഈ ജില്ലയില്‍ ജനിച്ച സാംസ്ക്കാരിക നായകന്മാരാണ്.